Kerala
കോട്ടയം: വേനൽ ചൂടിൽ ജില്ലയിൽ പലയിടത്തും കൃഷികൾ ഉണങ്ങി നശിക്കുന്നു. കടുത്ത ചൂടിൽ പുഴ, തോട്, കിണർ ഉൾപ്പെടെ വറ്റി വരണ്ടുതുടങ്ങിയതിനു പുറമേയാണു കൃഷികൾ ഉണങ്ങി നശിക്കുന്നത്. ജില്ലയിൽ ഭൂരിഭാഗം കർഷകരുടെയും കാർഷിക വിളകൾ കരിഞ്ഞു തുടങ്ങി.
വാഴ, കാപ്പി, കുരുമുളക്, ഏലം, ജാതി, കൊക്കോ അടക്കമുള്ള കൃഷികളാണ് ഉണക്കു ബാധിച്ചു കരിഞ്ഞു നശിക്കുന്നത്. സാധാരണ വേനലിനെ പ്രതിരോധിക്കുന്ന പൂവൻ വാഴകൾക്കും ഇത്തവണത്തെ കൊടുംചൂടിൽ പിടിച്ചു നിൽക്കാനാകുന്നില്ല. കമുകു കർഷകരും പ്രതിസന്ധിയിലാണ്.
ലക്ഷങ്ങൾ വായ്പ എടുത്ത് രാപ്പകൽ അധ്വാനിച്ച് വളർത്തിയെടുത്ത വാഴകൾ കുല വെട്ടുന്നതിന് മുൻപ് തന്നെ ഒടിഞ്ഞുവീഴുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥയിലാണ് വാഴ കർഷകർ. വർധിച്ച് വരുന്ന വേനൽ ചൂടിൽ വെള്ളമില്ലാതെ വന്നതോടെയാണ് വാഴക്കുലകൾ വിളയുന്നതിന് മുൻപ് തന്നെ വാഴകൾ ഒടിഞ്ഞ് വീഴുന്നതെന്ന് കർഷകർ പറയുന്നു.
വിവിധ ബാങ്കുകളിൽ നിന്നായി ലക്ഷത്തോളം രൂപ വായ്പയെടുത്ത് വാഴക്കൃഷി നടത്തിവരുന്ന കർഷകരും പ്രതിസന്ധിയിലാണ്. മുൻ വർഷങ്ങളിൽ വേനൽ ഉണ്ടാകുമെങ്കിലും ഇടയ്ക്ക് പെയ്യുന്ന മഴ കർഷകർക്ക് ആശ്വാസം പകർന്നിരുന്നു. എന്നാൽ ഇത്തവണ മഴ പെയ്യാതെ വന്നതിനാൽ വാഴകൾ ഭൂരിഭാഗവും കുലച്ചതിനുശേഷം ഒടിഞ്ഞു പോവുകയാണ് ചെയ്തത്.
വാഴയിലെ ജലാംശം നഷ്ടപ്പെടുന്നതാണ് ഇത്തരത്തിൽ വാഴ ഒടിയുന്നതിന് കാരണമാകുന്നതെന്ന് കർഷകർ പറയുന്നു. വേനൽ കടുത്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇത്തവണ ഹൈറേഞ്ചിലെ കർഷകരും നേരിടുന്നത്.
നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരൾച്ച കൂടുതലായി ബാധിച്ചത്. എല്ലാ വിളകളും ഉണങ്ങി നശിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് തെങ്ങുകളെ വരെ വരൾച്ച ബാധിച്ചു. ചൂട് കൂടിയതോടെ മിക്ക സ്ഥലത്തും റബർ ടാപ്പിഗ് നിലച്ചു. വരുമാനം ഇല്ലാതെ കർഷകരും ജോലി ഇല്ലാതെ തൊഴിലാളികളും ദുരിതത്തിലായി.
ക്ഷീര കർഷകരും പ്രതിസന്ധിയിൽ
വയലുകളിലെ കുളങ്ങൾ വറ്റിയതും പുല്ല് കരിഞ്ഞുണങ്ങിയതും പോത്ത് വളർത്തുന്നവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ചൂട് കാരണം പാൽ കറവ കുറഞ്ഞതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. പച്ചപ്പുല്ല് ലഭ്യമല്ലാത്തതിനാൽ കാലിത്തീറ്റയെ കൂടുതൽ ആശ്രയിക്കേണ്ട അവസ്‌ഥയിലാണ് ക്ഷീര കർഷകർ.
പുഴയിൽ വെള്ളം കെട്ടിനില്ക്കുന്ന ഭാഗത്തെ കർഷകർക്കു മാത്രമാണ് അൽപ്പമാശ്വസമുള്ളത്. മഴ നേരത്തെ എത്തിയില്ലെങ്കിൽ കർഷക ജീവിതങ്ങളും കരിഞ്ഞുണങ്ങും.
Kerala
ആലപ്പുഴ: വേനൽചൂടിൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം പ്രതിസന്ധിയിൽ. വേനലവധിക്കാലം ടൂറിസം മേഖലയ്ക്കു കൊയ്ത്തുകാലമായിരുന്നിട്ടു പോലും കനത്ത ചൂട് മൂലം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കുറഞ്ഞതു ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു.
ടൂറിസം മേഖലയുടെ സുവർണ മാസങ്ങളാണ് വേനലവധിക്കാലമായ ഏപ്രിലും മേയും. ഈ സീസൺ മുന്നിൽകണ്ട് ഹോട്ടലുകളും റസ്റ്ററന്‍റുകളും ഹൗസ് ബോട്ടുകളും നവീകരിച്ചവർക്ക് ഉൾപ്പെടെ വേനൽചൂട് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്.
സംസ്ഥാനത്തെ തീരദേശ- കായലോര ടൂറിസത്തെയാണ് വേനൽച്ചൂട് രൂക്ഷമായി ബാധിച്ചത്. ഈ സീസണിൽ മുൻവർഷങ്ങളെ അപേക്ഷിച്ചു വിനോദസഞ്ചാരികളുടെ ബുക്കിംഗിൽ കാര്യമായ കുറവുണ്ടായെന്നു ഹോട്ടൽ ട്രാവൽ ഏജൻസി ഉടമകൾ പറയുന്നു.
ടൂറിസം മേഖലയിലെ പ്രതിസന്ധി വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റമില്ലതെ തുടരുകയാണെങ്കിൽ ഈ മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഹൗസ് ബോട്ട് ഉടമകൾ പറയുന്നു. അതേസമയം, തണുപ്പു മേഖലകളായ മൂന്നാർ, വാഗമൺ അടക്കമുള്ള ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിട്ടുമുണ്ട്.
ജാഗ്രതാ നിർദേശം
സംസ്ഥാനത്തു ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശേരി (കോട്ടയം), തൃത്താല(പാലക്കാട്), പൊന്നാനി (മലപ്പുറം).
യെല്ലോ അലർട്ട്: കൊട്ടാരക്കര(കൊല്ലം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്), മൂന്നാർ (ഇടുക്കി).
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നതു സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കു കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർക്കും ചർമരോഗങ്ങളുള്ളവർക്കും ഇതു കൂടുതൽ അപകടകരമാണ്.
ശ്രദ്ധിക്കുക:
പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്തു നേരിട്ടു ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
District News
കൂരാച്ചുണ്ട്: വേനൽച്ചൂട് കനക്കുന്നതോടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ തോടുകൾക്ക് നിർമിച്ചിട്ടുള്ള ചെക്കു ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു തുടങ്ങി. കിണറുകൾ ഉൾപ്പെടെ നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസുകളിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ടൗണിനോട് ചേർന്ന് ഒഴുകുന്ന ചന്തത്തോട്ടിലും വെള്ളം വറ്റിത്തുടങ്ങി.
മൂന്നാം മുക്കിൽ ചെറുകിട ജലസേചന വകുപ്പ് നിർമിച്ചിട്ടുള്ള തേനംമാക്കൽ താഴെ ചെക്കു ഡാമിൽ തടഞ്ഞു നിർത്തുന്ന ജലം ചന്തത്തോട്ടിൽ ജലനിരപ്പ് ഉയർത്തുന്നുണ്ടെങ്കിലും വേനൽ കനത്തതോടെ വെള്ളം വറ്റി തുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വേനൽച്ചൂട് വർധിച്ചിട്ടുണ്ട്. ടൗണിൽ ജലവിതരണം നടത്തുന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള കിണറിലും വെള്ളം കുറഞ്ഞിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിച്ച് നൽകി വരികയാണ്.
District News
കാട്ടിക്കുളം: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും തിരുനെല്ലി പഞ്ചായത്തും ജനപങ്കാളിത്തത്തോടെ കോട്ടിയൂർ തോട്ടിൽ നിർമിച്ച തടയണ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ.ആർ. ജിതിൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സിജിത്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് വി.കെ. സജീഷ്, പഞ്ചായത്ത് അംഗം എം. കാർത്തിക തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
തുണ്ടുകാപ്പ്, കോട്ടിയൂർ ഉന്നതികളിലെ 70ഓളം കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് താത്കാലിക പ്രതിവിധി എന്ന നിലയിലാണ് തടയണ പണിതത്. വേനൽ കനത്തതോടെ രണ്ട് ഉന്നതികളിലെയും കിണറുകളിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള വെള്ളത്തിന് വനത്തിലെ നീരുറവകളെ ആശ്രയിക്കാൻ ഉന്നതികളിലെ കുടുംബങ്ങൾ നിർബന്ധിതരായി.
തോടിന്റെ മറുവശത്ത് വനത്തിൽ വസിക്കുന്ന ജീവികളും കുടിവെള്ളത്തിന് അലയേണ്ട സ്ഥിതിയായി. ഈ പശ്ചാത്തലത്തിലായിരുന്നു തടയണ നിർമാണം. വനം ഉദ്യോഗസ്ഥർ, ഡബ്ല്യുഎസ്എസ്എസ് പ്രവർത്തകർ, വിവിധ കോളജുകളിൽ നിന്നുള്ള എംഎസ്ഡബ്ല്യു വിദ്യാർഥികൾ, ഉന്നതി നിവാസികൾ എന്നിവർ പ്രവൃത്തിയിൽ പങ്കെടുത്തു.
തോൽപ്പെട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിബു കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, മുള്ളൻകൊല്ലി വില്ലേജ് നീരുറവ സംരക്ഷണ സമിതി പ്രസിഡന്റ് പി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.